Sunday, 13 May 2018

ഞാൻ നിള

ഞാൻ നിള

             -  വിഭു

മറവിയുടെ ചുടലപ്പറമ്പിൽ തനിച്ചിരിക്കുമെൻ

അണയുന്നൊരോർമ്മതൻ ചെറുതിരി

കാറ്റിലൊരുമിന്നാമിനുങ്ങായ് അകന്നു പോയിതോ.

എരിയുന്ന കനലിന്റെ വെട്ടത്തിൽ

വാദ്യഘോഷവും പാട്ടുമതു തുടരുന്നു.

ജനനമതു സഹ്യന്റെ മകളായ്

ബാല്യമതു തന്നതു ഹരിതാഭമാം കുഞ്ഞടുപ്പും

ലാവണ്യമാർന്നൊരു വെള്ളി ചിലങ്കയും

തരുണിയായ് വളർന്നതും നാടിന്റെ വധുവായ് തീർന്നതും

ഒടുവിലൊരു നാടിന്റെ ദാഹമതു തീർത്തതും

യൗവ്വനം കടന്നൊരു പെൺകൊടിതന്റെ

അസ്ഥിയും മാംസവും ഒടുവിലെത്തുള്ളി ചോരയും

തുലാസിലളക്കുന്ന നാടിന്റെ മുഖവും

പെട്ടിയിൽ മിന്നുന്ന പൊൻപണമെണ്ണി

മേനിനടിച്ചു നടക്കും കപടമാം നഗരവും

ദുഷിച്ചൊരു ദുർഗന്ധമായി തീർന്നിതു ഞാനും.

മരണമതു കാത്തു കിടക്കുന്ന എൻ മാറിൽ

പാട്ടും നൃത്തവും നടത്തിയവർ തിമർക്കുന്നു.

നിളയെന്ന പേരിൽ ഘോഷമതു കേൾക്കുന്നു

അനുശോചനത്തിനായ് കൂട്ടമായെത്തുന്നു.

പണ്ടൊരു മഹാകവി വിഹ്വലനായതു പോലൊരു

അഴുക്കുചാലായ് മാറിയെൻ ജന്മവും

അതുമിനിയെത്ര നാൾ !!

Sunday, 17 December 2017

ഞാൻ നീ തന്നെ

ചൂണ്ടരുത് നിൻ വിരൽ ഈ വേദിയിൽ
ഉയരരുത് നിൻ ശബ്ദമീ വീഥിയിൽ
കേൾക്കരുത് കാണരുത് ചെയ്യരുതൊന്നും
അടക്കുക മർത്യാ നിൻ ഇന്ദ്രിയങ്ങൾ
അന്ധകാരത്തിൻ ഒഴിഞ്ഞ കോണിൽ
ഒളിച്ചിക്കും ഞാൻ കറുത്ത ഭൂതം
പകലിന്റെ വെട്ടത്തിൽ പാഞ്ഞടുക്കും
പല്ലുകാട്ടി ചിരിക്കും വെളുത്ത ഭൂതം
ചോരയിതു വേണം ചുവന്ന ചോര
നിൻ ചങ്കുപിളർന്നു ദാഹമിതു തീർക്കുവാൻ
നാക്കു നുണഞ്ഞു കുടിച്ചു വളരുവാൻ
കാത്തു കാത്തിരിക്കും നിൻ മനസ്സി നിരുളിൽ
മല്ലിടുമജരുധിരം കുടിക്കുവാൻ
നിൻ മാംസമിതു കൊത്തിവലിക്കുവാൻ
തെരുവിൽ ജനിക്കും നിൻ മനസ്സിൽ വളർന്നിടും
ജാതി മതത്തിൻ ദൈവങ്ങൾതൻ പേരിൽ
വർണ്ണ കൊടിയുമായ് ഒരാൾക്കൂട്ടാമായ് ഞാൻ വന്നിടും
തെരുവിൽ കേൾക്കുന്നു ഞാനതു
ദുർബലം കേഴുന്നു കൃഷ്ണയും
നിലവറക്കുള്ളിൽ പൂട്ടിയോരു ദൈവമിതു
തേങ്ങുന്നു കഷ്ടം ഞാനോ ദൈവം.

Wednesday, 29 November 2017

കാക്ക

കാക്ക! അയ്യേ കാക്കയോ
കാ കാ ശബ്ദം കള്ളനോട്ടം
നിറം കണ്ടില്ലേ വൃത്തിയില്ലാത്തവൻ
എച്ചിൽ കൊത്തി നടക്കുന്നവൻ
ഒളിഞ്ഞുള്ള നോട്ടം കണ്ടില്ലേ
എൻ കയ്യിലിരിക്കും കിളിയെ നോക്കൂ
സുന്ദരി, വിദേശി എന്തൊരു വൃത്തി
എന്തൊരു ഓമനത്വം, മധുരശബ്ദം
മണ്ണുപുരളാത്ത കാലുകൾ നോക്കൂ
എൻ കയ്യിലിരുന്നേ കഴിക്കൂ
ഏയ്, ഇതൊരു വിഡ്ഢിതൻ വാക്യം
വിദേശി തന്നെ, നിലത്തിറങ്ങാതെ ഭക്ഷിക്കുന്നവൻ
ഈ സൗന്ദര്യം വിധേയത്വം അവൻ തീറ്റ
അതിനോടുള്ള പ്രേമം ഈ സ്നേഹം, അഭിനയം!
നീ സ്വതന്ത്രൻ വിയർപ്പൊഴുക്കുന്നവൻ
പിതൃസ്മരണകളേന്തുന്നവൻ
പക്ഷേ ഇവനൊരു വിഡ്ഢി
ഇവനറിയില്ലല്ലോ ഈ കാക്കയെ

Tuesday, 28 November 2017

പുതിയ വെളിച്ചം

ദൈവരാജ്യത്തു നിന്ന് രണ്ടു പേർ പറഞ്ഞു
നമ്മൾ ദൃക്സാക്ഷികൾ, വിശ്വാസികൾക്ക് വെളിച്ചം കാട്ടിയവർ
അതിലൊരു വയസ്സൻ, മങ്ങിയ കണ്ണുകൾ ചിമ്മി
പഴയ വെളിച്ചെത്തിൽ കാഴ്ച്ചകൾ നയനസുന്ദരം
നിശയെത്ര സുന്ദരി, നിലാവുറങ്ങുന്ന ഭൂമിയുടെ മാറിൽ
അരുവികളുടെ താരാട്ട്
കാറ്റിൻ കരതലത്തിൽ മരച്ചില്ലതൻ നാണം
അമ്പലമുറ്റത്ത് വിറയാർന്ന മുത്തച്ഛനാലിൻ ചില്ലയിൽ
കിന്നാരം പറയുന്ന സഞ്ചാരികൾ
പകൽ വീഴ്ത്തിയ വിയർപ്പിൻ തളർച്ചയിൽ മനുഷ്യർ
ഭൂമിയെത്ര ശാന്തം സുന്ദരം
പുതിയ കണ്ണുകൾ ജ്വലിക്കും ദൃഷ്ടികൾ
നിങ്ങൾ നോക്കുക, എൻ വെളിച്ചത്തിൽ കണ്ണുകൾ തുറക്കൂ
നിലാവിന് വെളിച്ചം പകരും പ്രകാശം
നിലക്കാത്ത പ്രവാഹം നിലക്കാത്ത യാത്ര
കാതിൽ നിലക്കാത്ത വാദ്യഘോഷങ്ങൾ
കയ്യിൽ നിറയും മധുചഷകങ്ങൾ
ഇരുട്ടിൽ തേങ്ങലും കണ്ണീർ കണങ്ങളും
ഉയരും ചിരികളും അട്ടഹാസങ്ങളും
നമ്മുടെ വെളിച്ചത്തിന് വഴികാട്ടാനാകാത്ത ഇരുട്ട്
എങ്കിലും നമ്മുടെ വെളിച്ചം കാണാനാകാത്ത വെളിച്ചം

മൺവഴി

ഇനിയില്ലൊരുവഴി ഇതുവഴി മുൻപിൽ
ഒരു വഴി പെരുവഴി അതുവഴിമാത്രം
മുന്നിൽ നിറഞ്ഞ് കവിഞ്ഞൊരു പുഴവഴി
അക്കരയുള്ളോരൂടുവഴി
അതുവഴിയുള്ളൊരു പൊതുവഴിയരികിൽ
നീണ്ടുനിവർന്നൊരു മൺവഴിയും
കൈവഴിയുള്ളോരാവഴി പോയാൽ
പോംവഴിയില്ലാതായീടും
താവഴി പലവഴി പലരും
കരവഴി കടൽവഴി ജീവിതവഴിയതു തേടിയതും
ഒടുവിൽ വഴിയില്ലാതൊരു പെരുവഴി
മാത്രം മുന്നിൽ കാൺകെ
തെളിയുന്നൊരു വഴി മൺവഴി കുറുക്കുവഴി.

വിട

'മനസ്സേ മറക്കുക, ഒരു വേനലിൻ-
മൃതിയിൽ പൊഴിഞ്ഞൊരു പൂവ്വിനെ
പണ്ടൊരു വാകചുവട്ടിൽ നിൻമിഴികൾ
നിറച്ചൊരു നിറമിഴികളേയും
കാലത്തിൻ കൈവണ്ടി മുന്നോട്ട് പോകുമ്പോൾ
വഴിയിൽ തനിച്ചായൊരു നിമിഷത്തെയും
ഇനിയില്ലാ നിമിഷങ്ങൾ ഒരുമിച്ചു -
കണ്ടൊരു സ്വപ്നങ്ങളും ആ സ്വരവും
മിഴികളും കാലത്തിൻ മൃതിയിലമർന്നു പോയ്
ഈ വാടിയിൽ പാറിയ ശലഭങ്ങളെല്ലാം
ദൂരെ പറന്നകന്നൊരു ദിനം
ഏകനായ് പോയ് ഞാനീ വീഥിയിൽ
ചൊല്ലിയെല്ലാവരും യാത്രാമൊഴിയെങ്കിലും
നിറഞ്ഞു പോയെല്ലാമിഴികളുമൊരുവേള
ഇനിയില്ലീ സൗഹൃദ വഴിയിലൊരൊത്തുചേരൽ
ഇനിയില്ലയീ പിണക്കങ്ങളും പരിഭവങ്ങളും
ഇനി ഉയരും ശബ്ദങ്ങളില്ല, ആരവങ്ങളില്ലയി-
നീയീവഴിയിൽ നിശബ്ദത മാത്രം മൗനം മാത്രം

കാത്തിരിപ്പ്


മാർഗ്ഗമിതുതാനെനിക്കിനീ -
യന്ധകാരത്തിൻ വിജനമാം വീഥിയിൽ
ഏകനാം പഥികന് കാത്തിരിക്കാൻ
വഴിയമ്പലമില്ലിനി നിറനിലാവുമില്ല
കണ്ണിമ ചിമ്മുന്ന താരാപഥങ്ങളിൽ
ഒന്നിച്ചിരിക്കാമെന്നരോർമ്മമാത്രം
തണ്ണീർതിരയുന്ന മിഴികളിൽ
കണ്ണീർ മറക്കുന്ന കാഴ്ചയിൽ
വിണ്ണിൽ നിന്നെത്തുമൊരു 
രഥചക്രനാദമൊരലയായ് വീണ്ടും

Friday, 24 November 2017

മയിൽപ്പീലിക്കും പറയാനുണ്ട് ചിലത്

മയിൽപ്പീലിക്കും പറയാനുണ്ട് ചിലത് -
പുസ്തകതാളിനിടയിൽ ഒളിച്ചു വച്ച മയിൽപ്പീലി തുണ്ടുക്കൾക്കും പറയാനുണ്ടാകും ചില കഥകൾ

Sunday, 19 November 2017

അമ്മ

മനുഷ്യനു മാത്രമല്ല ഭൂമിയിൽ ജന്മമെടുത്ത ജീവനുകൾക്കെല്ലാം തന്റെ അവസാനം വരെയുള്ള ഒരേയൊരു അത്താണിയാണ് അമ്മ